ഹഡ്‌സൺ നദി
ഹഡ്‌സൺ നദി അമേരിക്കൻ ഐക്യനാടുകളിൽ വടക്കുനിന്ന് തെക്കോട്ട്, പ്രാഥമികമായി കിഴക്കൻ ന്യൂയോർക്ക് വഴി ഒഴുകുന്നതും ഏകദേശം 315 മൈൽ നീളമുള്ളതുമായ ഒരു നദിയാണ്. അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ അഡിറോണ്ടാക്ക് പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി, ഹഡ്സൺ താഴ്‍വരയിലൂടെ തെക്കൻ ദിശയിലേയ്ക്ക് തിരിഞ്ഞ് ന്യൂയോർക്ക് നഗരത്തിനും ജേഴ്സി നഗരത്തിനും ഇടയിലുള്ള അപ്പർ ന്യൂയോർക്ക് ബേയിലേക്ക് ഒഴുകുന്നു. ഇത് ഒടുവിൽ ന്യൂയോർക്ക് തുറമുഖത്തിനുസമീപം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പതിക്കുന്നു. ന്യൂ ജേഴ്സി, ന്യൂയോർക്ക് സംസ്ഥാനങ്ങളുടെ തെക്കേ അറ്റത്ത് ഒരു രാഷ്ട്രീയ അതിർത്തിയായും നദി പ്രവർത്തിക്കുന്നു.കൂടുതൽ വടക്ക്, ഇത് നിരവധി ന്യൂയോർക്ക് കൗണ്ടികൾ തമ്മിലുള്ള പ്രാദേശിക അതിരുകൾ അടയാളപ്പെടുത്തുന്നു. നദിയുടെ താഴ്ഭാഗത്തിന്റെ പകുതി ഒരു ടൈഡൽ എസ്റ്റ്യൂറിയും ഒഴുകുന്ന ജലഭാഗത്തേക്കാൾ ആഴത്തിലുമുള്ളതും, 26,000 മുതൽ 13,300 വർഷങ്ങൾക്കു മുമ്പ് സംഭവിച്ചതെന്നു കണക്കാക്കപ്പെടുന്ന വടക്കേ അമേരിക്കൻ ഗ്ലേസിയേഷൻ കാലഘട്ടത്തിൽ രൂപംകൊണ്ട ഹഡ്സൺ ഫ്യോർഡ് എന്ന ഇടക്കടലിനെ ഉൾക്കൊള്ളുന്നതുമാണ്. വേലിയേറ്റവും വേലിയിറക്കവും ഹഡ്സൺ നദിയുടെ ഏറ്റവും വടക്ക് ട്രോയ് നഗരത്തിൽനിന്നുള്ള ഒഴുക്കിനെ സ്വാധീനിക്കുന്നു.